മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് വിലപ്പെട്ട ജീവിതം തകര്‍ക്കുന്ന സ്ത്രീകളും കുട്ടികളും യുവാക്കളും തൊഴിലാളികളും കലാകരന്മാരും ബുദ്ധിജീവികളും എന്നല്ല സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുമുള്ള മനുഷ്യരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുവെന്നാണ് സമകാലിക വൃത്താന്തങ്ങള്‍ നല്‍കുന്ന സൂചന. കുടുംബ ബന്ധങ്ങള്‍ തകരുകയും വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ലഹരിക്കെതിരെ നിയമപരവും ധാര്‍മികവുമായ സമരം പ്രഖ്യാപിക്കേണ്ടതുണ്ട്. ശക്തമായ ബോധവല്‍കരണത്തിലൂടെ പുതുതായി ലഹരിയുടെ ലോകത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്നും മനുഷ്യമനസ്സുകളെ പ്രതിരോധിക്കുവാനും ലഹരിക്കടിമപ്പെട്ടവരെ ശാസ്ത്രീമായ കൗണ്‍സിലിംഗ്, ചികത്സാവിധികള്‍, ആരോഗ്യകരമായ പെരുമാറ്റം എന്നിവയിലൂടെ മോചിപ്പിക്കുവാനും ശ്രമങ്ങളുണ്ടാവണം.


വാഹനപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍, കൊലപാതകങ്ങള്‍, സമൂഹത്തിലെ അരക്ഷിതാവസ്ഥ, ആത്മഹത്യ, വിഷാദ രോഗം തുടങ്ങി ലഹരി സമ്മാനിക്കുന്ന ദുരന്തങ്ങള്‍ നിരവധിയാണ്. ലഹരി പദാര്‍ത്ഥങ്ങള്‍ എല്ലാം മാനവരാശിയുടെ ശത്രുക്കളാണ്. അവയെ വ്യവസ്ഥാപിതമായി നിര്‍മാര്‍ജനം ചെയ്യുവാനുള്ള തന്റേടമാണ് പ്രബുദ്ധ സമൂഹം പ്രകടിപ്പിക്കേണ്ടത്.

Comments