2019ലെ വയലാര്‍ അവാര്‍ഡിനര്‍ഹമായ വി.ജെ ജയിംസിന്റെ 'നിരീശ്വരന്‍'

ഈശ്വരനു ബദലായി മറ്റൊരീശ്വരന്‍, പേര് നിരീശ്വരന്‍! വി.ജെ ജയിംസിന്റെ 'നിരീശ്വരന്‍' എന്ന കൃതി വ്യത്യസ്തമാകുന്നത് അതിന്റെ വേറിട്ട കഥാസഞ്ചാരം കൊണ്ടാണ്. ഈശ്വരവിശ്വാസം എത്ര കണ്ട് മൗഢ്യമാണ് എന്ന് തെളിയിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന 'ആഭാസ'സംഘത്തെ ചുറ്റിപ്പറ്റിയാണ് നോവല്‍ സഞ്ചരിക്കുന്നത്. ഇത് ജനങ്ങളെ ബോധിപ്പിക്കാനായി, 'ഈശ്വരന്‍' എന്ന സങ്കല്‍പത്തെ വിശ്വാസികളുടെ മനസ്സുകളില്‍ നിന്നും പിഴുതെറിയാനായി 'നിരീശ്വരന്‍' എന്ന ഈശ്വരോല്‍പത്തിക്കും മുമ്പും നിലനിന്നിരുന്ന വിശ്വാസധാരയെ സാധൂകരിക്കാനായി ഒരു പ്രതിമ പണിയുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളെ പൊടിപ്പും തൊങ്ങലും വെച്ച് അവസാനിപ്പിക്കുന്നിടത്ത് നോവലിസ്റ്റ് മികവ് തെളിയിക്കുന്നുണ്ട്. ദേവത്തെരുവിനെ ആഭാസത്തെരുവാക്കാന്‍ ആഭാസന്മാര്‍ (ആന്റണി, ഭാസ്‌കരന്‍, സഹീര്‍ എന്നീ വ്യക്തികളുടെ ആദ്യാക്ഷരം ചേര്‍ത്തുണ്ടാക്കിയ ത്രിസംഘ നാമം) നടപ്പിലാക്കുന്ന രീതി അത്യധികം വിജയിക്കുന്നതോടെ കഥാപരിസരം നിര്‍മ്മിക്കപ്പെടുന്നു. ഭൗതിക മനസ്ഥരും നിരീശ്വര വാദികളുമായ കഥാപാത്രങ്ങളില്‍ നിന്നും 'നിരീശ്വരന്‍' മതേതര ഈശ്വരനായി വളര്‍ന്നു പന്തലിക്കുകയും, സൃഷ്ടാവിന് പിടിതരാതെ നിരീശ്വരന്‍ ഉഗ്രമൂര്‍ത്തിയാകുകയും ആഭാസത്തെരുവിന്റെ മിടിപ്പായി വളരുകയും ചെയ്യുന്നു.
നോവല്‍ മൂന്ന് ഭാഗങ്ങളിലായിട്ടാണ് എഴുതപ്പെട്ടിട്ടുള്ളത്. 'ഉല്‍പത്തി, സ്ഥിതി, പ്രലയനം' എന്നീ നാമങ്ങള്‍ നിരീശ്വരന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ ദ്യോതിപ്പിക്കുന്നവയാവണം. അല്ലെങ്കില്‍ ദേവത്തെരുവില്‍ നിന്നും ആഭാസത്തെരുവിലൂടെ നിരീശ്വരത്തെരുവിലേക്കെത്തി നില്‍ക്കുന്ന ആ നാടിന്റെ സാമൂഹിക സാംസ്‌കാരിക പരിണാമത്തെ സൂചിപ്പിക്കുന്നവയായും വായിച്ചെടുക്കാം.
വിക്രം സാരാഭായ് സ്‌പൈസ് സെന്ററിലെ എഞ്ചിനീയറായ എഴുത്തുകാരന്റെ 'നിരീശ്വരനി'ല്‍ ചില ദലങ്ങളില്‍ ന്യൂട്ടന്റെ ചലന നിയമം കൂടാതെ മറ്റനേകം സയന്റിഫിക് ചര്‍ച്ചകള്‍ കഥക്ക് കൊഴുപ്പുകൂട്ടുന്നുണ്ട്. ബോധാബോധ തലങ്ങളുടെ അതിരുകളന്വേഷിക്കുന്ന ശാസ്ത്രത്തിന്റെ സൂക്ഷ്മ വാദങ്ങള്‍ ചില 'ദല'ങ്ങളില്‍ കടന്നുവരുന്നത് 24 വര്‍ഷത്തോളം അബോധാവസ്ഥയില്‍ കിടന്ന ഇന്ദ്രജിത്ത് എന്ന കഥാപാത്രത്തിന്റെ രണ്ടാം ജന്മത്തോടെയാണ്. 'സ്ഥിതി, പ്രലയനം' എന്നീ ഭാഗങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഗന്ധശാസ്ത്രജ്ഞനായ റോബര്‍ട്ടോയുടെ ഗന്ധ പഠനങ്ങളും, ഇതിനോട് ബന്ധപ്പെട്ട രസകരമായ സംഭവങ്ങളുമാണ്. ഗന്ധങ്ങളുടെ സൂക്ഷ്മ പഠനത്തിന് വേണ്ടി റോബര്‍ട്ടോ എന്ന സയന്റിസ്റ്റ് അനേകം ഗന്ധങ്ങള്‍ അനുഭവിച്ചിട്ടുള്ള ഗ്രാമവേശ്യയെ സമീപിക്കുന്നത് കഥക്ക് പുതിയ ഒരു ഒഴുക്കുണ്ടാക്കുന്നു.
തുടക്കത്തില്‍ നായക പദവിയിലുള്ള ആഭാസ സംഘം നോവലിന്റെ മധ്യാഭാഗാനന്തരം പ്രതിനായികരുടെ തലത്തിലേക്ക് തരംതാഴ്ത്തപ്പെടുന്നത് നമുക്ക് മനസ്സിലാക്കാം.
'ഈശ്വരവിശ്വാസത്തെ എതിര്‍ത്തിട്ട് ഒടൂല് നിരീശ്വര വിശ്വാസത്തെയും എതിര്‍ക്കേണ്ടി വന്നൂല്ലേ...' എന്ന അര്‍ണോസിന്റെ ചോദ്യത്തിലുണ്ട് എല്ലാം. മുന്‍തീരുമാന പ്രകാരം നിരീശ്വര പ്രതിമയെ ഇളക്കി മാറ്റാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ജയിലില്‍ അടക്കപ്പെടന്ന ആഭാസ സംഘം, സൃഷ്ടാവിന്റെ നിസ്സഹായതയെ സൂചിപ്പിക്കുന്നുണ്ട്. ഒരു നോവല്‍ അവസാനിപ്പിക്കുന്നിടത്ത് പുതിയ ഒരു നോവല്‍ തുടങ്ങുന്നു. വായനക്കാരനെ ത്രസിപ്പിക്കുന്ന 'നിരീശ്വരനെ' വായിക്കാന്‍ കഴിഞ്ഞത് ഈശ്വര കൃപയാല്‍ മാത്രം.
ഒരു സുപ്രഭാതത്തില്‍ ഈശ്വരനായി വാഴ്ത്തപ്പെടുന്ന 'നിരീശ്വര'ന്റെ പ്രതിമക്കെതിരെ കട്ടക്ക് നില്‍ക്കുന്ന ആന്റണി, ആഭാസ സംഘത്തിലെ മറ്റു രണ്ട് പേരും നിരീശ്വരനോട് ഗത്യന്തരമില്ലാതെ സഹായം തേടുന്ന അവസ്ഥയും ഒരു മികച്ച കഥാപാത്രമായി നോവലിലും, ആള്‍ ദൈവങ്ങളും കപട വിശ്വാസ ധാരകളും വാഴുന്ന സമകാലിക സാഹചര്യത്തിലും നിലകൊള്ളുന്നു.

Comments