ഡൽഹി കത്തിക്കുകയാണ് ചിലർ

ഡൽഹികത്തുകയാണ് ചിലർകത്തിക്കുകയാണ്.ഒടുങ്ങാത്തവിദ്വേഷം മനസ്സിൽ സൂക്ഷിച്ചവരൊക്കെ തലസ്ഥാന നഗരിയിൽ അഴിഞ്ഞാടുകയാണ്.രണ്ടു മൂന്നു ദിവസമായി വടക്കുകിഴക്കന്‍ ഡൽഹിയിലെ (മൗജ്പൂർ,ജാഫറാബാദ്,ചാന്ദ്ബാഗ്ഭജന്‍പുര...)അതിഭീകരമായ അവസ്ഥ ഏതൊരു സമാധാനപ്രേമിയേയും തൊന്തരവിലാക്കുന്നതാണ്. മതം ചോദിച്ച് മദം പൊട്ടിയ മദയാനയെപ്പോലെ അക്രമിക്കാനോങ്ങുന്ന ഓരോരുത്തർക്കും മതേതരജനാധിപത്യ രാഷ്ട്രത്തിനെതിരെ വടിയോങ്ങുന്ന കലാപകാരികളുടെ "മോന്ത"യാണ്.
"ജയ് ശ്രീരാം", "ഹിന്ദോന്‍ കാ ഹിന്ദുസ്ഥാന്‍ " എന്ന വിളികൾ മുഴങ്ങുന്ന ഗല്ലികൾ. ചൊവ്വാഴ്ച്ച അശോക് നഗറിലെ ഒരു മുസ്ലിം പള്ളി അഗ്നിക്കിരയായി. മിനാരങ്ങൾ നശിപ്പിക്കാന്‍ ശ്രമിച്ച് ഹനുമാന്‍ പതാക സ്ഥാപിക്കാൻ ശ്രമിക്കുന്ന ചിലർ.മുസ്ലിം വീടുകളെ ലക്ഷ്യമിട്ട് തുടരെയുള്ള അക്രമങ്ങൾ,കടകൾ തച്ചുടച്ച് കൊള്ള നടത്തുന്നു,സ്വകാര്യ ചരക്കുകൾ കത്തിക്കുന്നു..... കൂട്ടിന് കാക്കിയണിഞ്ഞ ഏമാന്മാരും....!
ഇത് വരെ കൊല്ലപ്പെട്ടവരുടെ എണ്ണം മുപ്പത്തിയെട്ട് കടന്നു ,ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം ഇവിടെ പ്രാധാന്യമർഹിക്കുന്നുണ്ട്.ഡൽഹി പോലീസിന്റെ കെടുകാര്യതയും പക്ഷപാതിത്യവും ആശങ്കയുളവാക്കുന്നതാണ്.
എന്‍.പി.ആർ, എന്‍.ആർ.സി, സി.എ.എ തുടങ്ങിയവ പ്രഖ്യാപിച്ചതു മുതൽ രാജ്യത്തുടനീളം ഉണ്ടായിരുന്ന സമാധാനപൂർണമായ പ്രക്ഷോഭങ്ങൾക്ക് വർഗീയ കലാപത്തിന്റെ മുഖം നൽകാന്‍ ബോധപൂർവ്വമായ ഇടപെടലുകൾ നടക്കുന്നുണ്ട് എന്നതിൽ സംശയമില്ല. നിശബ്ദവിപ്ലവത്തിന് ചുക്കാന്‍ പിടിച്ചിരുന്ന ശാഹിന്‍ബാഗിലെ സമരപ്പോരാളികളേയും ജനാധിപത്യ രീതിയിൽ സമരം നടത്തിയിരുന്ന സമരക്കാരെയും തച്ചൊടുക്കാന്‍ ശ്രമിക്കുന്നുണ്ടോ ചിലർ?
പ്രതിഷേധങ്ങളും സമരങ്ങളും ജനാധിപത്യ രീതിയുടെ പൊതു സ്വഭാവമാണ് എന്ന് നിരീക്ഷിച്ച പരമോന്നത നീതിന്യായ വ്യവസ്ഥയുടെ നിലപാട് കേട്ട് നൊന്ത ചിലർ നടത്തുന്ന അഴിഞ്ഞാട്ടം ഒരു ആസൂത്രിത പദ്ധതിയായിട്ടേ കാണാനാവൂ...
ഭരണസിരാ കേന്ദ്രത്തിന്റെ ചെങ്കോൽ എ.എ.പി പിടിച്ചടക്കിയപ്പോൾ സന്തോഷിച്ചവർക്ക് നിരാശ പകരുന്നതാണ് ദൽഹി സർക്കാറിന്റെ ഇത് വരെയുള്ള സമീപനങ്ങൾ. എന്‍.ആർ.സിയും സി.എ.എയും പ്രഖ്യാപിച്ചത് പോലും അറിഞ്ഞില്ല എന്ന മട്ടിലാണ് കെജ്രിവാളും സംഘവും.
ഹിന്ദുത്വ വികാരം, ഭാഷാ ദേശീയത, പൗരത്വ രജിസ്റ്റർ പ്രശ്‌നങ്ങൾ എന്നീ ഇന്ത്യാ ദേശത്തെ ബി.ജെ.പി, കോണ്‍ഗ്രസ് സംഘത്തിന്റെ പൊതു അജണ്ടകളിലേക്ക് കണ്ണെറിയാതെ ജനങ്ങളുടെ അടിസ്ഥാന വികസനം, അഴിമതി വിരുദ്ധത എന്നതിനപ്പുറത്തേക്ക് വിശാല കാഴ്ച്ചപ്പാടുണ്ടാക്കാന്‍ ഇത് വരെ ആം ആദ്മിക്കോ അതിന്റെ നേതൃത്വത്തിനോ സാധിച്ചിട്ടില്ല എന്നതാണ് സത്യം.
ശാഹിന്‍ബാഗ് പ്രശ്‌നത്തിലും ജെ.എന്‍.യു പ്രശ്‌നത്തിലും നേരിട്ട് യാതൊരു ഇടപെടലും നടത്താതെ നല്ല പിള്ള ചമയുകയാണ് കെജ്രിവാൾ. ' എല്ലാം നിയന്ത്രണ വിധേയം' എന്ന് ആവർത്തിച്ചു പറയുമ്പോഴും 'ഇതൊക്കെ എന്ത്' എന്ന മട്ടിലാണ് കേന്ദ്ര സർക്കാർ. കേന്ദ്ര വിദേശ കാര്യ ഉപദേഷ്ടാവ് അജിത് ഡോവൽ പോലീസിന് ക്ലീന്‍ഷീറ്റ് നൽകി. അപ്പോൾ സംഭവവികാസങ്ങളൊക്കെ കണ്ട് കുന്തം വിഴുങ്ങിയ പോലെ നിന്ന കാക്കി പിശാചുക്കളുടെ ചില നേരത്ത് സംഹാരതാണ്ഡവമാടുന്ന ലാത്തികൾ ശുദ്ധരിൽ ശുദ്ധർ....
അക്രമണം നേരിടുന്നവർ കലാപകാരികൾ, നെഞ്ചിൽ വിദ്വേഷത്തിന്റെ ചീഞ്ഞളിഞ്ഞ ഭാണ്ഡക്കെട്ട് പേറി സാഹോദര്യത്തിന്റെ കണികകൾക്ക് നേരെ വിഷം ചീറ്റുന്ന ഇരുകാലികൾ ആര്? എന്തിന്?
1984 ലെ സിഖ് വിരുദ്ധ കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ച ഭാരതത്തിന്റെ മണ്ണിൽ വീണ്ടുമൊരു വംശഹത്യക്ക് അണിയറയിൽ കോപ്പ് കൂട്ടുന്നവർ ഇങ്ങ് കേരളത്തിൽ നിന്ന് മത വിദ്വേഷം ആളികത്തിച്ച കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന ഒരുത്തന്‍ വീഡിയോയിൽ പറയുന്നുണ്ട്: ' ട്രംപ് പോകട്ടെ, ഞങ്ങളുടെ അമിത്ഷാ ജി ഈ തീവ്രവാദികൾക്ക് ഒരു കൊട്ടും കൊണ്ട് വരും, പിന്നെ നിങ്ങളൊന്നും നിന്നിടത്ത് നിന്ന് അനങ്ങില്ലാ' ന്ന്.
ശരിക്കും ആരാണ് തീവ്രവാദികൾ? കുന്തവും വടിയും കല്ലുമേന്തി, മതം ചോദിച്ച് അക്രമിക്കുന്നത് തീവ്രവാദമല്ലല്ലോ?
നീതിയും സാഹോദര്യവും സ്‌നേഹവും ഇവിടെ പുലരണമെന്ന് തീവ്രമായി വാദിക്കുന്നവർ തീവ്രവാദികളാണല്ലേ?
മെല്ലെ വാദിച്ച് നേടാന്‍ കെൽപ്പില്ലാത്തവർ ശബ്ദമൊന്നുയർത്തിയാൽ അത് തീവ്രവാദമാണോ ?
സമരക്കാർക്ക് നേരെ ദംഷ്ട്രകൾ കാട്ടി കോമരം തുള്ളുന്നവർ ഇനിയും രാജ്യ സ്‌നേഹികൾ, സമാധാന പ്രിയർ, മിതവാദികൾ......
(ഹി... ഹി.... ചിരിച്ചോളൂ..)

Comments