നൂറു സിംഹാസനങ്ങള്‍ | ജയമോഹന്‍ | വായനാ മുറി | ഇര്‍ഷാദ് ഇവി കൂരിയാട്


"ഞാൻ ഒരു കറുത്ത ചെറിയ എലിയാണ്.എലിയുടെ ദേഹത്തിലും നോട്ടത്തിലും ചലനങ്ങളിലും ശബ്ദത്തിലും ഒക്കെ ഒരു ക്ഷമാപണം ഉണ്ട്."ഒന്നു ജീവിച്ചോട്ടേ" എന്ന മട്ടുണ്ട്.കാലുകൾക്കു താഴേയാണ് അതിന്റെ ലോകം.ചവറുകളിലാണ്  അതിന്റെ ജീവിതം.എലിയുടെ നട്ടെല്ല് ഞാൻ എപ്പോഴും ശ്രദ്ധിക്കും.നട്ടെല്ല് വളക്കേണ്ട കാര്യമില്ല.വളച്ചു തന്നെയാണ് ദൈവം കൊടുത്തിട്ടുള്ളത് "
(നൂറു സിംഹാസനങ്ങൾ)
 

 ജയമോഹൻ സാറുടെ നൂറു സിംഹാസനങ്ങൾ എന്ന നോവൽ  ദളിത് സമൂഹത്തിന്റെ പച്ചയായ ജീവിതം ഒരു മായവും ഇല്ലാതെ എഴുതിവെച്ചിരിക്കുന്ന ഒന്നാണ്.
ഈ നോവലിലെ കേന്ദ്ര കഥാപാത്രമായ കാപ്പന്റെ_ധർമ്മപാലന്റെ (നായാടി എന്ന ജാതിയിലുള്ള ദളിതൻ) സർവ്വീസ് ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ്  കഥ സഞ്ചരിക്കുന്നത്.
 തിരുവതാംകൂറിലെ താഴ്ന്ന ജാതിക്കാരായ  നായാടികളിൽപ്പെട്ട ഇയാളുടെ തീക്ഷ്ണമായ ചെറുപ്പ കാലവും , ഒരു ട്രസ്റ്റിന്റെ സഹായത്തോടെ സിവിൽ സർവീസ് എടുത്ത് ഒരു ജില്ലയുടെ അധികാരം നേടിയതിന് ശേഷമുള്ള സംഭവവികാസങ്ങളും ആണ് നോവലിന്റെ ഇതിവൃത്തം.  പവർ തന്റെ കയ്യിൽ ഉണ്ടായിട്ടും ഒന്നും ഭരിക്കാൻ കൈയ്യാത്ത ഒരു നായാടിയുടെ ജീവിതം ആണ് നോവലിസ്റ്റ് പറയാൻ ശ്രമിക്കുന്നത്.

        നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളും , നാറുന്ന ജാതി വ്യവസ്ഥയുടെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താനും  ഉതകുന്ന രചനയാണ് നൂറു സിംഹാസനങ്ങൾ.

            നായാടി എന്ന വിഭാഗത്തിന് നമ്മുടെ സമൂഹത്തിലെ സ്ഥാനം എവിടെ ആയിരുന്നു എന്നും ഇന്ന് എവിടെയാണ്  എന്നും വിളിച്ചു പറയാനുള്ള  ശ്രമം ഇവിടെ കാണാം.
ജാതി സമത്വവും പുരോഗമന വാദവും ഉറക്കെ വിളിച്ചു പറഞ്ഞ് നല്ല പിള്ള ചമയാൻ ശ്രമിക്കുന്നവരെ ലാക്കാക്കി  ഒളിയമ്പുകൾ പ്രവഹിക്കുന്നുണ്ട് ജയമോഹൻ സാറുടെ എഴുത്തിൽ.അതുകൊണ്ടു തന്നെ ഈ ചെറു നോവൽ ഉൾക്കൊള്ളുന്ന മൂന്നു  മുഖ്യ കഥാപാത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന മൂന്നു ജനവിഭാഗങ്ങൾ നോവലിന്റെ ഒഴുക്കിനെ മുച്ചൂടും സ്വാധീനിക്കുന്നു എന്നു പറയുന്നതിൽ തെറ്റില്ല.അതായത് 'ധർമ്മപാലൻ'പ്രതിനിധാനം ചെയ്യുന്ന വിദ്യാസമ്പന്നരായിട്ടും കാൽച്ചുവട്ടിൽ മണ്ണുകപ്പി,സവർണ്ണരുടെ ഔദാര്യമാണ് തന്റെ ഈ പദവി എന്നു വിശ്വേസിക്കേണ്ടി വരുന്ന ഒരു ജനസമൂഹവും, പുരോഗമന വാദിയായി നായാടിയായ ഒരുത്തനെ പ്രേമിച്ച് ,practical ജീവിതത്തിൽ അത്‌ പുലർത്തുന്നതിൽ പരാജയപ്പെട്ട് നായാടിയായ അമ്മായിയമ്മയെ ആട്ടിയോടിക്കുന്ന 'സുധ' പ്രതിനിധാനം ചെയ്യുന്ന ഒരു ജനസമൂഹവും, കാലമെത്ര മാറിയാലും തങ്ങൾ എന്നും നായാടികളാണെന്നും കസേരയും പാന്റും തമ്പ്രാക്കന്മാരുടേതാണെന്നും ഉറച്ചു വിശ്വസിക്കുന്ന ധർമ്മപാലന്റെ 'അമ്മ' പ്രതിനിധാനം ചെയ്യുന്ന ഒരു ജനസമൂഹവുമാണ് നോവലിൽ അങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെടുന്നത്.
          നായാടിയായി ജനിച്ചു ജീവിച്ചു വരവേ സന്യാസിയായ ബോധാനന്ദന്‍റെ ആശ്രമത്തിൽ എത്തിപ്പെടുകയും തന്മൂലം ജീവിതം മാറിമറിഞ്ഞ് സിവിൽ സർവീസിലെത്തി ഉയർന്ന ഉദ്യോഗത്തിൽ അവരോധിതനാവുകയും ചെയ്ത ധർമപാലന്‍റെ ഉള്ളിലുള്ള അധമബോധം അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന സംഘർഷങ്ങളുടെ ചിത്രം 'നൂറു സിംഹാസനങ്ങൾ' വരച്ചുകാട്ടുന്നു എന്നതോടൊപ്പം ,നമ്മുടെ സമൂഹത്തിന്റെ ഏതു മേൽതട്ടിൽ ഏതൊക്കെ അവർണൻ എത്തിയാലും നേരിടേണ്ടി വരുന്നത്  അപമാനങ്ങൾ മാത്രമാണെന്ന്  ധർമപാലനിലൂടെ പറഞ്ഞുതരുന്നുണ്ട്  ജയമോഹൻ സാർ  .
         കഴിഞ്ഞ തലമുറയിലെ അധമ സ്വത്വം തന്റെ തലമുറ കൊണ്ടും തീരുന്നില്ല എന്ന ധർമ്മപാലൻറെ തിരിച്ചറിവിലൂടെ, വിഷാദങ്ങളിലൂടെ ഈ കഥ സഞ്ചരിക്കുന്നത് ഇന്ത്യൻ ജാതി വ്യവസ്ഥയുടെ മുഖത്തടിച്ചും, അഭിനവ ഭരണ രാഷ്ട്രീയത്തിന്റെ കൊള്ളരുതായ്മകളെ ചൂണ്ടികാണിച്ചുമാണ്.

Comments