അക്ഷര വെളിച്ചം തേടി...


'ന്നിട്ട്് ബഷീറിനെ കണ്ടോ?' സുല്‍ത്താനെ നെഞ്ചിലേറ്റി, കോളേജിന്റെ കവാടത്തില്‍ ബസ്സിറങ്ങിയ ഞങ്ങളെ വരവേറ്റത് ഈ ചോദ്യമായിരുന്നു. പ്രത്യക്ഷത്തില്‍ ചിരിക്കാന്‍ വകയുള്ള കോമഡിയായി തോന്നിയാലും ഉള്ളില്‍ എന്തെന്നില്ലാത്ത വ്യസനം ഉടലെടുത്തു.
വിശ്വവിഖ്യാതനായ വൈക്കം മുഹമ്മദ് ബശീറിന്റെ 25ാം വാര്‍ഷികദിനമായിരുന്ന ജൂലൈ അഞ്ചിന് ഞാനടങ്ങുന്ന മൂവര്‍ സംഘം ആ മനീഷിയുടെ വീട്ടില്‍ പോയിരുന്നു. ചെറുപ്പം തൊട്ട് മനസ്സില്‍ സ്‌നേഹിച്ച്, താലോലിച്ച തലയോലപ്പറമ്പില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂരിലേക്കുള്ള യാത്ര അക്ഷരാര്‍ത്ഥത്തില്‍ ഒരു രുചിയുള്ള അനുഭവമായിരുന്നു.
കാലത്ത് 9 മണിക്ക് കോഴിക്കോടന്‍ ബസ്സ് കയറിയപ്പോള്‍ മനസ്സ് മൊത്തം ബഷീറും, പാത്തുമ്മയുടെ ആടും, സാറാമ്മയും, മജീദും സുഹ്‌റയുമൊക്കെയായിരുന്നു. തേളും, പഴുതാരയും,പാമ്പും, കുറുക്കനും, ചിലന്തിയും, പൂച്ചയും ഭരിച്ച ആ വീടൊന്ന്് കാണണം, പ്ലാന്‍ ഇതായിരുന്നു.
മീഞ്ചന്തയില്‍ ബസ്സിറങ്ങി വട്ടക്കിണര്‍ ജംങ്ഷനിലേക്കു കാല്‍നടയായി നടന്നു. നിരത്തുകള്‍ ഉണര്‍ന്നിട്ടേയൊള്ളൂ... ആളനക്കം പറ്റെ കുറവാണ്. യാത്രക്കാരില്ലാതെ പോകുന്ന പെട്ടിബസ്സുകളും, ബൈക്കുകളും കാറുകളും ആനവണ്ടിയും ഊഴമിട്ട് പറപറക്കുന്നു.പെട്ടിക്കടകള്‍ ഉറക്കമുണര്‍ന്ന് കുളിച്ചൊരുങ്ങി നില്‍ക്കുന്നുണ്ട്. ഇടവിട്ട് ഷട്ടര്‍ പാതിതുറന്ന ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഉറക്കച്ചടവോടെ നില്‍ക്കുന്നു. ഒരു വളവ് തിരിഞ്ഞ് നടന്നു തുടങ്ങിയപ്പോള്‍ ഒരു പച്ചക്കറിക്കട കണ്ടു. ഒരു കുറിയ മനുഷ്യന്‍ പുറത്ത് തക്കാളിയും ഉള്ളിയും പയറും നിരയൊപ്പിച്ച് ഒതുക്കത്തോടെ വെക്കുന്നതിരക്കിലാണ്. തൊട്ടപ്പുറത്തുള്ള് പലചരക്കുകടയില്‍ മേശപ്പുറത്ത് മാതൃഭൂമി വെച്ച് ദൂരേക്ക് നോക്കി നില്‍ക്കുന്ന ഒരു വൃദ്ധന്‍ ഞങ്ങളുടെ കാല്‍ പെരുമാറ്റം കേട്ടിട്ടെന്നോണം മുഖം ഞങ്ങളിലേക്ക് തിരിച്ച് സൗമ്യമായി ഒരു ചിരി സമ്മാനിച്ചു, കളങ്കമറ്റ ഒരു ചിരി.
ജംങ്്ഷനില്‍ കുറച്ച് നേരം ബസ് കാത്തു നിന്നു. ഒട്ടും വൈകാതെ ഒരു ബേപ്പൂര്‍ ബസ് വരികയും ഞങ്ങളതില്‍ ചാടിക്കയറി സീറ്റിലിരുന്നു. ബസ്സില്‍ ഞങ്ങളെ കൂടാതെ വിരലിലെണ്ണാവുന്ന യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. ഷര്‍ട്ടിന്റെ രണ്ട് മൂന്ന് ബട്ടണ്‍സ് തുറന്നിട്ട്, പുറത്തേക്ക് കണ്ണും നീട്ടി കുറച്ച് നേരം അങ്ങനെ ഇരുന്നു. അധികം വൈകാതെ തൊണ്ടയനക്കി കണ്ടക്ടര്‍ വന്ന് 'എവിടേക്കാ'ന്ന് ചോദിച്ചു. ഒരു ബാഗ് കക്ഷത്തില്‍ തിരുകി ഗൗരവ ഭാവത്തില്‍ നില്‍ക്കുന്ന അയാളുടെ ചോദ്യത്തിനുള്ള വ്യക്തമായ മറുപടി ഞങ്ങളുടെ അടുത്തില്ലായിരുന്നു. ' ബഷീറിന്റെ വീട്ടിലേക്കാണ്' കൂട്ടത്തിലെ ഒരുത്തന്‍ പതിഞ്ഞ ശബ്ദത്തില്‍ മറുപടി പറഞ്ഞു. ' ബേപ്പൂരിന്റെ മുമ്പത്തെ സ്‌റ്റോപ്പിലാണ്.......ഞാന്‍ പറയാം......' വാക്കുകള്‍ പിശുക്കി പുള്ളി സൗമ്യഭാവനായി. മൂന്ന് പേരുടെയും കാശ് വാങ്ങി മൂന്ന് ടിക്കറ്റ് കീറി കൈയില്‍ വച്ച് തന്നു. വീണ്ടും കണ്ണ് പുറത്തേക്ക് പായിച്ച്, മരങ്ങളും മറ്റും പിറകോട്ട് പോകുന്ന്ത് കൗതുകത്തോടെ നോക്കിയിരുന്നു. റോഡരികിലെ ഇളം ചുവപ്പ് മണ്ണ്ു മാറി മണല്‍ തരികള്‍ കാണാന്‍ തുടങ്ങിയപ്പോള്‍ സന്തോഷമായി. ഞങ്ങള്‍ ബഷീറിന്റെ നാട്ടിലെത്തിയെന്ന് പലാവര്‍ത്തി മനസ്സില്‍ പറഞ്ഞു. ഇറങ്ങാനുള്ള സ്ഥലെമെത്തിയെന്ന് കണ്ടക്റ്റര്‍ സൂചന തന്നു. ബസ്സിന്റെ ചവിട്ടുപടികളിറങ്ങി ഞങ്ങളാ മണലില്‍ കാലുകുത്തി. ജാള്യതയോടെ മണല്‍തരികള്‍ ഞങ്ങളുടെ ചെരിപ്പുകള്‍ക്കടിയില്‍ ഉമ്മവച്ചു. റോഡിന് അഭിമുഖമായി നില്‍ക്കുന്ന ഒരു ഹാര്‍ഡ് വെയര്‍ കടയിലെ കച്ചവടക്കാരെനോട് ബഷീറിന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചറിഞ്ഞു. നിര്‍ദേശ പ്രകാരം റോഡരികിലൂടെ നടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. റോഡില്‍ തലങ്ങും വിലങ്ങും വാഹനങ്ങള്‍ ചീറിപ്പായുന്നു. അവകള്‍ക്കിടയില്‍ നിന്ന് തെല്ല് മാറി കുറെ സൈക്കിളുകളും സൈക്കിളെന്നു പറഞ്ഞാല്‍ നല്ല ഒന്നാന്തരം ഒരു വണ്ടി സൈക്കള്‍. സീറ്റിലിരിക്കുന്നത് തലമുടി നരച്ച, കണ്ണുകള്‍ ഉള്ളിലേക്കു വലിഞ്ഞു കയറിയ പടുവൃദ്ധര്‍. തീരപ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു നിശ്കളങ്കത അവരുടെ മുഖങ്ങളില്‍ തളം കെട്ടി നില്‍കുന്നുണ്ടായിരുന്നു. ചുക്കിച്ചുളിഞ്ഞ മുഖത്ത് എന്തെന്നില്ലാത്ത ഒരു പ്രകാശം. 'അല്‍ ബഹര്‍','കടലമ്മ', അങ്ങനെ പോകുന്നു ഓരോ സൈക്കിളിന്റെയും പേരുകള്‍. ചുറുചുറുക്കുള്ള യുവാക്കള്‍ റോഡില്‍ ബൈക്കിനുമുകളില്‍ കയറി കസര്‍ത്തി പോകുമ്പോള്‍, ആ പഴയ കാലത്തിന്റെ ചിത്രം മനസ്സില്‍ കോറിയിടുന്ന കാന്‍വാസുമായി ബഷീറിന്റെ നാട് ഞങ്ങളെ അനുഗ്രഹിച്ചു. അധികം ദൂരം നടക്കേണ്ടി വന്നില്ല, 'ബഷീറിന്റെ വീട്ടിലേക്കുള്ള വഴി ' എന്നെഴുതിയ ഒരു ബോര്‍ഡ് കണ്ട ഞങ്ങള്‍ ആ വഴിയിലേക്ക് പ്രവേശിച്ചു. മനസ്സില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം. ഒരു പക്ഷേ, ബഷീര്‍ നടന്ന വഴിയിലൂടെയായിരിക്കുമല്ലോ ഞങ്ങള്‍ നടക്കുന്നത്. ആ മഹാന്റെ കഥാപാത്രങ്ങള്‍ ഞങ്ങളെ അനുഗമിക്കുന്നത് പോലെ. രണ്ട് വളവുതിരിഞ്ഞ് ഒരു വീട് ദൃഷ്ടിയില്‍ പതിഞ്ഞു. പന്തല്‍ കെട്ടിപ്പൊക്കിയ ആ വീടിന്റെ മുന്നില്‍ 'ഒറ്റ തെങ്ങ് റെസിഡന്‍ഷ്യല്‍ അസോസിയേഷന്റെ' ഒരു ചെറിയ ഫലകം കണ്ടു. വീട്ടു നമ്പറും അതിനടിയില്‍ 'അനീസ് ബഷീര്‍' എന്നും എഴുതിയ ഒരു ഫലകം. ഇതുതന്നെ!.........ഞങ്ങളുറപ്പിച്ചു. ഉറപ്പിക്കാന്‍ വേറെയും കാരണമുണ്ടായിരുന്നു. വീട്ടുമുറ്റത്ത് ധാരാളം സ്‌കൂള്‍ കുട്ടികള്‍ കൂടിനില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്കിടയില്‍ ഒച്ചപ്പാടുണ്ടാക്കി കുറേ ടീച്ചര്‍മാരും. ചിലരുടെ കയ്യില്‍ ബഷീറിന്റ കുറേ ചിത്രങ്ങളുമുണ്ട്.
അതേ......അതു തന്നെ.....ബഷീറിന്റെ ഗേഹം....
വാക്കുകള്‍ കൊണ്ട് മാന്ത്രികത തീര്‍ത്ത, അനുഭവങ്ങളുടെ രാജകുമാരന്‍ ബഷീറിന്റെ പുണ്യ ഗേഹം.
മുറ്റത്തെ മാങ്കോസ്റ്റീന്‍ മരത്തിന് ചുറ്റും കുട്ടികള്‍ ഫോട്ടോക്ക് പോസ് ചെയ്യുന്നു. ഒരു നിമിഷം മാങ്കോസ്റ്റീന്‍ മരത്തിനടിയില്‍ ചാരുകസേരയിലിരുന്ന് ഗ്രാമഫോണ്‍ കേള്‍ക്കുന്ന ബഷീറി്ന്റ ചിത്രം മനസ്സില്‍ തെളിഞ്ഞു. കുറച്ചു മാറി വീടിനു മുന്നില്‍ ഒരു വെളുത്തു തുടുത്ത ഒരു മധ്യവയസ്‌കന്‍ നില്‍കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടതും കരം ഗ്രഹിച്ച് കുശലാന്വേശഷണം നടത്തി. സംസാരത്തിനിടയില്‍ അയാല്‍ ബഷീറിന്റെ മകന്‍ അനീസാണെന്ന് മനസ്സിലായി. ബഷീറിന്റെ അനുരാഗികള്‍ വീടിനുചുറ്റുും പരന്ന് നില്‍ക്കുന്നു. അധ്യാപകരുടെ വാക്കുകളിലൂടെ സംസാരങ്ങളിലൂടെ പരിചയിച്ച ആ 'പ്രാപഞ്ചിക എഴുത്തുകാരന്റെ' ഗേഹം കാണാന്‍ കൗതുകത്തോടെ മിഴിച്ച് നില്‍ക്കുന്ന കുരുന്നുകള്‍. കൈകളില്‍ ഒരു നോട്ടുബുക്കും പേനയും പിടിച്ച് എന്തൊക്കെയോ കുത്തിവരക്കുന്നു. ചിലര്‍ മജീദായി, സുഹറയായി, സാറാമ്മയായി, വിശ്വവിഖ്യാതമായ മൂക്കിന്റെ ഉടമയായി, പാത്തുമ്മയായി, ബഷീറായി വേഷമിട്ടിരിക്കുന്നു. ഉണ്ടക്കണ്ണട ധരിച്ച് ഒരു ചെറിയ തുണിയും ബനിയനും അങ്ങിങ്ങ് ബഷീറിന്റെ ഗമയോടെ നില്‍ക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ അറിയാതെ ചിരിപ്പൊട്ടി. കുട്ടിബഷീറുമാര്‍ക്ക് പിറകിലായി , കസവുമുണ്ടും കുട്ടിക്കുപ്പ ായവും ധരിച്ച കുറെ പാത്തുമക്കുട്ടികളും നില്‍ക്കുന്നു.

വീട്ടിനകത്ത് പ്രത്യേകം സജ്ജീകരിച്ച ഒരു റൂമിലേക്കായിരുന്നു പിന്നെ ഞങ്ങള്‍ പോയത്. ചുമരില്‍ ബഷീറിന്റെ ചായച്ചിത്രങ്ങള്‍, എംബ്രോയ്ഡറി വര്‍ക്കുകള്‍, ബഷീര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ വെച്ച തരത്തിലുള്ള ചിത്രപ്പണികള്‍.മേശപ്പുറത്ത് സുല്‍ത്താനു ലഭിച്ച പുരസ്‌കാരങ്ങളുടെ ഒരു കൂട്ടം . പത്മശ്രീ, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം......ചുമരില്‍ ബഷീറിന്റെ ചില വിശ്വവിഖ്യാതമായ വാക്കുകളും.വെറുതെ ഒന്നു കണ്ണോടിച്ചു.'നക്ഷത്രയുദ്ധം, അണ്ഡകടാഹയുദ്ധം..'അങ്ങനെ അങ്ങനെ ..
വീടിന്റെ പടികളിറങ്ങി , വലതുവശത്തുള്ള തോട്ടത്തിലേക്ക് കണ്ണുകള്‍ പായിച്ചു. ബഷീറിന്റെ കഥാപാത്രങ്ങള്‍, ഭൂമിയുടെ അവകാശികള്‍ പാര്‍ക്കുന്ന വമ്പന്‍ കാട്. പ്ലാവും, ആല്‍മരവും, മഹാഗണിയും മാവും , പേരറിയാത്ത കാക്കത്തൊള്ളായിരം പേരറിയാത്ത വൃക്ഷങ്ങള്‍ വസിക്കുന്ന വമ്പന്‍കാടുകള്‍. തോട്ടത്ത് കൈക്കോട്ടും പിടിച്ച് തെങ്ങുകള്‍ക്ക് തടമിടുന്ന ഒരു തമിഴനെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അത്യാവശ്യം പ്രായമായിട്ടുണ്ട്. കറുത്ത ശരീരത്തില്‍ വെളുക്കനെ ചിരിക്കുന്ന പല്ലുകള്‍. കരിയിലകള്‍ പെറുക്കി, രണ്ടുമൂന്നു തെങ്ങുകള്‍ക്ക് തടമിട്ട് ഒന്നു തിരിഞ്ഞപ്പോള്‍ ഞങ്ങള്‍ പോയി പരിചയപ്പെട്ടു. വേലായുധന്‍ എന്നാണ് പേര്. കുടുംബം മധുരിയിലായിലാണെന്നും, ബഷീറുണ്ടായിരുന്നപ്പോള്‍ ഇവിടെ പണിക്കാരിയായിട്ടാണ് തന്റെ അമ്മ വന്നെതെന്നും , അമ്മ മരിച്ചപ്പോള്‍ പകരക്കാരനായി വന്നതാണെന്നുമൊക്കെ തമിഴില്‍ കുതിര്‍ന്ന മലയാളത്തില്‍ പറഞ്ഞൊപ്പിച്ചു.കൈക്കൊടുത്ത് പിരിയാനിരിക്കുമ്പോയാണ് ഒരു മാന്യനെന്ന് തോന്നിപ്പിക്കുന്ന ആള്‍ വന്ന് പരിചയപ്പെടാനൊരുമ്പെട്ടത്. പേരും വിവരവും പറഞ്ഞുതീര്‍ന്നപ്പോയേക്കും മൂപ്പര് സംസാരത്തിന്റെ ഭണ്ഡാരം തുറന്നുവിട്ടിരുന്നു. അച്ചടിച്ച ഭാഷയിലുള്ള സംസാരം. ബഷീറിനെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും എഴുത്തിനെക്കുറിച്ചും വാചാലനായി സംസാരിക്കുന്നത് കേട്ടപ്പോള്‍ തന്നെ ഒരു അധ്യാപനായിരിക്കുമെന്ന് ഊഹീച്ചു. ഊഹം ശരിയായിരുന്നു, പുള്ളിയുടെ പേര് '' മംഗലവീട്ടില്‍ അബ്ദുറഹ്മാന്‍ മാസ്്റ്റര്‍''. 33 വര്‍ഷത്തെ അധ്യാപക സേവനത്തിനു ശേഷം വിശ്രമജീവതം നയിക്കുകയാണ്. പ്രധാന ഹോബി എഴുത്തുകാരെ സന്ദര്‍ശിച്ച് വ്യക്തിബന്ധം പുലര്‍ത്തല്‍. പക്ഷെ, ബഷീറിനെ കാണാന്‍ സാധിച്ചിട്ടില്ല എന്ന് വ്യസനപ്പൂര്‍വ്വം പറഞ്ഞു. കൈകൊടുത്ത് പിരിയാന്‍ നേരത്ത് ഒരു ഉപദേശം തന്നു. മഹാഭാരതവും രാമായണവും വായിക്കണമെന്നും അവയെതൊട്ട് മുഖം തിരിക്കരുതെന്നും പറഞ്ഞ് ഒരു കഥ പറഞ്ഞുതന്നു, പഞ്ചപാണ്ഡവരുടെ ഒരു കഥ.
വീട്ടില്‍ നിന്ന് ഇറങ്ങി ഞങ്ങള്‍ ആ വീട്ടിലേക്ക് ഒരിക്കല്‍ കൂടി നോക്കി. ഒന്ന് നിശ്വസിച്ച് ഞങ്ങള്‍ ബഷീറിനോട് യാത്രചോദിച്ചു. 'സലാം യാ സുല്‍ത്താന്‍.....'

ഇര്‍ഷാദ് ഇ.വി കുരിയാട്

Comments