ഭീതിതം ഈ ശൂന്യത/ അഫ്സല്‍ കെ മേല്‍മുറി


       ഇന്ത്യ മതേതരത്ത്വത്തിന്റെ പ്രതീകമാണ്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ വൈവിധ്യങ്ങളില്‍ ലോകത്തെ ഇന്നോളം അത്ഭുതപ്പെടുത്തിയിരിക്കുന്നു. പക്ഷേ ആ വൈവിധ്യങ്ങള്‍ക്ക് ചാരുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സത്യം വൈകിയെങ്കിലും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370,35(A) എന്നിവ ഭരണഘടനയില്‍ നിന്ന് അടര്‍ത്തിയെടുത്തിരിക്കുന്നു എന്നിടത്തു നിന്നാണ് ഇന്ത്യയുടെ നാനാര്‍ത്ഥത്തില്‍ ഏകത്വമെന്ന ആദര്‍ശത്തിനു സംഭവിച്ച കോട്ടത്തിന്റെ വ്യാപ്തി മനസ്സിലാകുന്നത്. ഏകത്വമെന്ന പ്രതിസ്വരങ്ങളിലാത്ത ലോകമാണ് ഇന്ത്യക്ക് മുമ്പിലേക്ക് ഉയര്‍ത്തിയിട്ടിരിക്കുന്നത്. ഒരു ഭാഷ, ഒരു പാര്‍ട്ടി, ഒരു രാജ്യം, ഒരു പതാക എന്നിവയില്‍ തുടങ്ങി ഫാഷിസത്തിന്റെ സമഗ്രാധിപത്യത്തിലൂന്നുന്ന ആശയങ്ങളാണ് ഭാവി ഇന്ത്യയുടെ തലക്കുമുകളില്‍ വട്ടമിട്ടു പറക്കുന്നത്.
1952ലാണ് പ്രത്യേകാധികാരങ്ങള്‍ നല്‍കി കശ്മീര്‍ ഇന്ത്യയുടെ ഭാഗവത്താകുന്നത്. അതിന് ശേഷം കശ്മീരിന് നല്‍കപ്പെട്ട പ്രത്യേകാധികാരങ്ങള്‍ക്കെതിരെ ഒരുപാട് ചര്‍ച്ചകളും ചൂടുപിടിച്ച സംവാദങ്ങളും അരങ്ങേറി. പക്ഷേ കശ്മീരെന്ന ദേശത്തിന്റെ പ്രത്യേകാധികാരങ്ങളെ എടുത്തുയര്‍ത്താന്‍ ഇന്നേവരെ ഒരൊറ്റ കക്ഷിക്കും സാധിച്ചില്ല.
ആര്‍ട്ടിക്കള്‍ 370, 35(A) എന്നിവ ഇന്ത്യന്‍ ഏകത്വത്തിന് മുമ്പില്‍ മതില്‍കെട്ട് തീര്‍ക്കുന്നുവെന്ന കുപ്രചാരണത്തിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ ജനശ്രദ്ധ പിടിച്ചു വാങ്ങിയത്. ആര്‍ട്ടികള്‍ 370, 35(A) പ്രകാരം കശ്മീരിന്റെ ഭൂമി, ഭരണം, എന്നിവയില്‍ സമഗ്രമായ കശ്മീരി സംവരണവും, ഇതില്‍ മറ്റിതര ഇന്ത്യന്‍ പൗരന്മാര്‍ക്ക് കൈകടത്താന്‍ ഒരു നിലക്കും സാധിക്കുകയും ചെയ്യുമായിരുന്നില്ല, മാത്രമല്ല കശ്മീരികളെ അതിനു പുറത്തുള്ളവര്‍ക്ക് വിവാഹം ചെയ്യുക എന്നത് തടയുക കൂടിയാണ് ഈ വകുപ്പ് പ്രകാരം ഉണ്ടായിരുന്നത്. ഇവിടെ പുറത്ത് നിന്ന് വിവാഹം കഴിച്ച് കഴിഞ്ഞാല്‍ കശ്മീരി എന്ന നിലക്ക് ആ വ്യക്തിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും എന്നതായിരുന്നു നിയമം. ധനകാര്യം, പ്രതിരോധം, എന്നിവയില്‍ മാത്രമായിരുന്നു കേന്ദ്രത്തിന് കശ്മീരിനു മുകളില്‍ ഈ വകുപ്പുകള്‍ പ്രകാരം പ്രവര്‍ത്തിക്കുവാന്‍ സാധിച്ചിരുന്നത്.
ഏറ്റവും ഭീതിതം കേന്ദ്ര ഗവണ്‍മെന്റ് ഈയൊരു ബീല്ല് പാസാക്കിയ രീതിയും അവരെടുത്ത മുന്‍കരുതലുകളുമായിരുന്നെന്ന് മനസ്സിലാക്കണം. കശ്മീരില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് 6 മാസം മുമ്പ് ബിജെപി പിഡിപിയോടുള്ള സഖ്യമുപേക്ഷിക്കുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തതു പ്രകാരം കശ്മീര്‍ ഗവണ്‍മെന്റ് അടിതെറ്റി വീഴുകയായിരുന്നു. ഇത് ബിജെപി മുന്നോട്ടു വെക്കുന്ന പ്രത്യയങ്ങളുടെ കൂടെയുമായിരുന്നു. ആര്‍ട്ടിക്കിള്‍ 370(A) പ്രകാരം കശ്മീര്‍ ഗവണ്‍മെന്റിന്റെ സമ്മതത്തോടെ മാത്രമേ ഈ അനുഛേദങ്ങളെ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. തുടര്‍ന്ന് നടന്ന നാടകീയ മാറ്റങ്ങളാണ് ഒരുപാട് അഭിഭാഷകരും, നിയജ്ഞരും ഏറെ ഭീതിതമെന്ന് സൂചിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റിന് പ്രത്യേകാധികാരം നല്‍കിയുള്ള ആര്‍ട്ടികള്‍ 367ല്‍ കശ്മീരിനായി അവസാനഘട്ട കൂട്ടിച്ചേര്‍ക്കല്‍ നടത്തി എന്നതാണ്. കശ്മീര്‍ ഗവര്‍ണറെ ഒരു ഗവണ്‍മെന്റിനായി കാണാം എന്നായിരുന്നു അതിലുള്‍പ്പെടുത്തിയത്. പിന്നീട് ഇതിനെതിരെ മുന്നോട്ട് വരുമെന്ന് കണ്ടവരുടെ ശബ്ദങ്ങള്‍ അടിച്ചൊതുക്കുകയായിരുന്നു.
പൊതുസുരക്ഷാ നിയമപ്രകാരം, തിങ്കളാഴ്ച്ച നടന്ന കശ്മീര്‍ മുഖ്യ രാഷ്ട്രീയ നേതാവായ ഫാറൂഖ് അബ്ദുള്ളയുടെ വീട്ടുതടവ് സൂചിപ്പിക്കുന്നത് നഷ്ടപ്പെടുക്കൊണ്ടിരിക്കുന്ന കശ്മീര്‍ സ്വാതന്ത്രത്തിന്റെ ഭീതിതപ്പെടുത്തുന്ന വകഭേതങ്ങളാണ്. "അഞ്ചും വട്ടം എം.പി, കേന്ദ്രമന്തി, മുന്നു തവണ മുഖ്യമന്ത്രി "81 വയസ്സു തികഞ്ഞ അനുഭവസമ്പന്നനായ രാഷ്ട്രീയ ചാണക്യനാണ് ഫാറുഖ് അബ്ദുള്ള. മാത്രവുമല്ല നിയുക്ത ശ്രീനഗര്‍ പാര്‍ലമെന്റ് മെമ്പറുമാണദ്ദേഹം. അദ്ദേഹത്തിന്റെ പിതാവും രാഷ്ട്രീയ നേതാവുമായ ശൈഖ് അബ്ദുള്ള നയിക്കുന്ന കശ്മീര്‍ മുസ്‌ലിംകള്‍ 1947ലെ ഇന്ത്യാ പാക്ക് വിഭജനത്തോടും ഇരുരാഷ്ട്ര സങ്കല്‍പത്തോടും ഒത്തുപോകുന്നവരായിരുന്നില്ല. മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്തിയും ഫാറുഖ് അബ്ദുള്ളയുടെ മകനുമായ ഉമര്‍ അബ്ദുള്ള കേന്ദ്രം ആര്‍ട്ടിക്കള്‍ 370 പിന്‍വലിക്കാനുള്ള നടപടിക്കു മുന്നോടിയായി ഓഗസ്റ്റ് അഞ്ച് മുതല്‍ കരുതല്‍ തടങ്കലിലായിരുന്നു. പ്രകോപനങ്ങളും പ്രതിഷേധങ്ങളും അടിച്ചമര്‍ത്തി കേന്ദ്രം നടത്തുന്ന അതിഭീതിതമായ മുന്നൊരുക്കങ്ങള്‍ക്കായ് ബലിയാടാക്കപ്പെട്ടത് ഒരുപാട് പേരാണ്. യുവാക്കളില്‍ നിന്ന് തുടങ്ങി മാധ്യമ പ്രവര്‍ത്തകരിലൂടെ നീളുന്ന ഈ പട്ടികക്ക് എംപിമാര്‍ വരെ കരുതല്‍ തുറങ്കലിലായി മാറി എന്നത് മനുഷ്യാവകാശങ്ങളുടെ ധ്വംസനങ്ങളായിരുന്നു. എന്നിരുന്നാലും ബിജെപി നേടിയെടുത്ത വലിയ ജനപിന്തുണയിലൂടെ കശ്മീര്‍ താഴ്‌വാരങ്ങളില്‍ ഭീതിയുടെ നിശബ്ദത വരിഞ്ഞുമുറുകുകയാണ്.
എല്ലാത്തിലുമുപരിയായി അദ്ദേഹത്തെ തടവറയിലാക്കിയ രീതിയാണ് നിയമത്തിന്റെ കൈകാര്യതയില്‍ സംഭവിച്ച വലിയൊരു തെറ്റിലേക്ക് സൂചന നല്‍കിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത് പോലെ അബ്ദുള്ള സ്വതന്ത്രനല്ല, താന്‍ താമസിക്കുന്ന വീട് തന്നെ ജയിലായി പ്രഖ്യാപിച്ച്, സര്‍വ്വ ബന്ധങ്ങളും വിഛേദിക്കപ്പെട്ട് തടവറയുടെ കൈപുനീര്‍ കുടിക്കുകയാണ്. കശ്മീരിലെ ഇന്നത്തെ സ്ഥിതിവിശേഷം മുഖ്യധാരാ മാധ്യമങ്ങളുടെ നട്ടെല്ലൊടിക്കുന്നതാണ് രാഷ്ട്രീയ അതികായരെ മുഴുവന്‍ കരുതല്‍ തുറങ്കലിലടച്ച് നടത്തിയ കശ്മീര്‍ സമ്മാനിച്ചത് നയങ്ങളില്ലാത്ത പത്രങ്ങളാണ്. ഫാറൂഖ് അബ്ദുള്ള മാത്രമല്ല ഇത്തരത്തില്‍ തുറങ്കലിലടക്കെപ്പെട്ടത്. പിഡിപി ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തിയും രാഷ്ട്രീയ അങ്കണത്തില്‍ പുതുപ്രവേശനം നേടിയ ശാഹ് ഫൈസലും 42 ദിവസമായി കരുതല്‍ തുറങ്കലിലാണ്. അഴിമതിയുടെയും, വികസനരാഹിത്യത്തിന്റെയും പേരില്‍ കശ്മീരില്‍ കേന്ദ്രം സൃഷ്ടിച്ച ശൂന്യത ഭീകരമാണ്. ഇന്ത്യാ വിരോധികളെന്ന് പറഞ്ഞ് പ്രതിസ്വരങ്ങളെ തച്ചുടക്കുന്ന കേന്ദ്രസമീപനത്തെ നമുക്ക് ഭയക്കേണ്ടിയിരിക്കുന്നു.
ഭാവി കശ്മീര്‍ ഇനി രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാണ്. കോര്‍പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും കേന്ദ്രം തീറെഴുതിക്കൊടുത്ത കശ്മീരില്‍, ഇന്ത്യക്കൊപ്പം നില്‍ക്കണമെന്ന വാദഗതിക്കാരായ രാഷ്ട്രീയക്കാരുടെ ശബ്ദം തടഞ്ഞുവെക്കുമ്പോള്‍ അവിടെ ഉയര്‍ന്നു വരുന്ന പ്രതിസ്വരം വിഭജനവാദി (sesessionist) കളുടെതാണ്. ഭാവിയുടെ കശ്മീര്‍ ഇനി എന്താകുമെന്ന് നാം കണ്ടുതന്നെ അറിയേണ്ടിരിക്കുന്നു.
ഇന്ത്യന്‍ ജനാധിപത്യം അവസാന ലാപ്പിലൂടെയാണ് ഓടിക്കൊണ്ടിരിക്കുന്നത്. പ്രതിസ്വരങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനങ്ങള്‍ എത്രത്തോളം ശക്തമായിരിക്കുന്നുവെന്നതിനുള്ള പുതിയ തെളിവുകളാണ് ഐ എ എസ് ഉദ്യോഗസ്ഥരുടെ രാജി. മലയാളിയായ കണ്ണന്‍ ഗോപിനാഥ് (ഐ എ എസ്) രാജിവെച്ചത് ഐ എ എസ് ഉദ്യോഗാര്‍ത്ഥികള്‍ക്കു മേല്‍ കേന്ദ്രം വെച്ചുനീട്ടിയ നിര്‍ദ്ദേശങ്ങള്‍ ഒരു വ്യക്തിയുടെ സ്വാതന്ത്രത്തെ ഹനിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഒരു വിധ നിലപാടുകളും പരസ്യപ്പെടുത്തരുതെന്ന് നിര്‍ദ്ദേശം കൊടുക്കുന്ന സര്‍ക്കാര്‍ ഏതൊരു വിധ നയങ്ങളാണ് സ്വീകരിക്കുന്നെന്നതില്‍ സന്ദേഹിക്കേണ്ടിയിരിക്കുന്നു. കര്‍ണ്ണാടകക്കാരനായ സരികാന്ത് സന്തിലെന്ന ഐ എ എസ് ഉദ്യോഗസ്ഥനും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജനാധിപത്യമൂല്യങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചത് സ്ഥാന ത്യാഗം ചെയ്താണ്. ഉയര്‍ന്നു വരുന്ന ജനപിന്തുണയില്‍ മൂല്യങ്ങളെ അടര്‍ത്തി മാറ്റുന്ന സര്‍ക്കാര്‍ ഭാവിയെന്തെന്ന് ചിന്തിക്കുന്നില്ല.
അഫ്‌സല്‍ കെ മേല്‍മുറി

Comments